
തവളയുടെ ഭ്രൂണങ്ങൾ കടത്താൻ ശ്രമിച്ച കേസിൽ ഗവേഷകയായ യുവതി അറസ്റ്റിൽ. ഹാർവഡ് സർവകലാശാലയിലെ ഗവേഷക കെസെനിയ പെട്രോവ (30)യാണ് അമേരിക്കയിൽ അറസ്റ്റിലായത്. റഷ്യയിൽ ജനിച്ച ഇവരെ നേരത്തെ റഷ്യയിലേക്ക് നാടുകടത്താൻ ഉത്തരവിട്ടിരുന്നു. എന്നാൽ, പിന്നീട് ലൂസിയാനയിലെ യുഎസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് (ഐസിഇ) കേന്ദ്രത്തിലേക്ക് മാറ്റി എന്നാണ് റിപ്പോർട്ട്. കുറ്റം തെളിഞ്ഞാൽ യുവതിക്ക് 20 വർഷം വരെ തടവും 250,000 ഡോളർ വരെ പിഴയും ശിക്ഷ ലഭിക്കാം.
കഴിഞ്ഞ മാസം ഫ്രാൻസിൽ അവധിക്കാലം ആഘോഷിക്കുകയായിരുന്ന പെട്രോവ, തവള ഭ്രൂണങ്ങളുടെ അതിസൂക്ഷ്മമായ ഭാഗങ്ങൾ കൂട്ടിച്ചേർക്കുന്ന ഒരു ലാബിൽ നിന്ന് ഗവേഷണത്തിനായി സാംപിളുകൾ ശേഖരിച്ചിരുന്നു. ബോസ്റ്റൺ ലോഗൻ രാജ്യാന്തര വിമാനത്താവളത്തിലെ യുഎസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ പരിശോധനാ കേന്ദ്രത്തിലൂടെ കടന്നുപോകുമ്പോൾ പെട്രോവയോട് സാംപിളുകളെക്കുറിച്ച് ചോദിച്ചു. താൻ കൊണ്ടുവന്ന വസ്തുക്കൾക്ക് ഡിക്ലറേഷൻ ആവശ്യമാണെന്ന് അറിഞ്ഞില്ലെന്നും ഒളിപ്പിക്കാൻ ശ്രമിച്ചിട്ടില്ലെന്നും പെട്രോവ കഴിഞ്ഞ പറഞ്ഞിരുന്നു. ചോദ്യം ചെയ്യലിന് ശേഷം ഇവരുടെ വീസ റദ്ദാക്കിയതായി അറിയിച്ചു.











